കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍

single-img
16 May 2023

കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്.

ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ഡോയല്‍. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്‍ നല്‍കിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.

ആശുപത്രിയിലെത്തിയത് മുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ചികിത്സക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഇര്‍ഫാന്‍ എത്തിയപ്പോള്‍ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. അതിന് ശേഷവും പ്രതി ആശുപത്രിക്കുള്ളില്‍ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.