എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നു; മാധ്യമങ്ങളും വ്യാജവാർത്ത നൽകാൻ തയ്യാറായി: പിഎം ആർഷോ

single-img
7 June 2023

എറണാകുളം മഹാരാജാസ് കോളേജിൽ താൻ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. 2020ലെ അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കാര്യത്തിൽ മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമർശിച്ചു. തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതോടൊപ്പം തന്നെ താൻ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പൽ ഇന്നും നടത്തി. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അദ്ദേഹം വിമർശിച്ചു.