4 കോടി രൂപയുടെ ചെക്ക് നൽകി; അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 3 രൂപ! അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ഞെട്ടൽ

അയോധ്യയിലെ ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഭക്ത നൽകിയ 4 കോടി രൂപയുടെ ചെക്ക് പണമില്ലാത്തതിനെ തുടർന്ന് മടങ്ങി. ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോഴാണ് അക്കൗണ്ടിൽ വെറും 3 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്.
ചെന്നൈ സ്വദേശിയായ വനിതാ ഭക്തയാണ് 4 കോടി രൂപയുടെ ചെക്ക് ട്രസ്റ്റിന് കൈമാറിയത്. ഇതിന് പുറമെ 10,000 രൂപയുടെ മറ്റൊരു സംഭാവനയും ഇവർ ക്ഷേത്രത്തിന് നൽകിയിരുന്നു. എന്നാൽ 4 കോടി രൂപയുടെ ചെക്ക് മാറിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ ആവശ്യമായ തുക ഇല്ലെന്ന് വ്യക്തമായത്.
ഉയർന്ന തുകയുടെ ചെക്ക് മതിയായ ഫണ്ടില്ലാതെ നൽകിയ സംഭവത്തിൽ വിശദീകരണം തേടി ബാങ്ക് ഇവർക്ക് നോട്ടീസ് നൽകാനുള്ള നടപടികളിലാണ്. അതേസമയം, 4 കോടി രൂപ ജീവനക്കാരുടെ ക്ഷേമത്തിനും സൗകര്യങ്ങൾക്കുമായി മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയും ഭക്ത മുന്നോട്ടുവച്ചിരുന്നു. ഇതിന് ട്രസ്റ്റിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രസ്റ്റ് ഇത്തരമൊരു ഉറപ്പ് നൽകിയിരുന്നില്ല.
നിലവിൽ ഭക്തയുമായി സംസാരിച്ച് വിഷയം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് അധികൃതർ. സംഭവത്തിൽ ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
2020ൽ ക്ഷേത്രനിർമാണത്തിനായി നടത്തിയ ‘നിധി സമർപ്പൺ അഭിയാൻ’ പ്രചാരണത്തിലൂടെ 45 ദിവസത്തിനുള്ളിൽ ഏകദേശം 3,500 കോടി രൂപയാണ് സമാഹരിച്ചത്. അന്ന് സാങ്കേതിക കാരണങ്ങളാൽ ഏകദേശം 100 കോടി രൂപയുടെ ചെക്കുകൾ മടങ്ങിയിരുന്നെങ്കിലും പിന്നീട് ഭൂരിഭാഗവും പണമാക്കി മാറ്റാൻ കഴിഞ്ഞിരുന്നു.
നിലവിൽ അയോധ്യ ക്ഷേത്രത്തിലേക്ക് പ്രതിമാസം ഏകദേശം 3 മുതൽ 4 കോടി രൂപ വരെയാണ് സംഭാവനയായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.


