കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു


കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അഴുകിയ ഇറച്ചി കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് നഗരസഭ റിപ്പോര്‍ട്ട് കൈമാറി.
പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുകയും വിധം ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്നതടക്കം രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. ഒന്ന് ജുനൈസ് കൊച്ചിയിലേക്ക് അഴുകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്ന് ആരൊക്കെ സഹായികളായി, രണ്ട് ജുനൈസില്‍ നിന്ന് അഴുകിയ ഇറച്ചി വാങ്ങി ഷവര്‍മ വിളമ്ബിയവര്‍ ആരൊക്കെ എന്നും. ജുനൈസിനെ കണ്ടെത്തി മൊഴി എടുത്താല്‍ മാത്രമാണ് ഇതിലേക്ക് അന്വേഷണം എത്തുക. പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൈപ്പടമുകളില്‍ ജുനൈസിന് സുനാമി ഇറച്ചി ഇടപാടിനായി വീട് വാടകയ്ക്ക് നല്‍കിയ വ്യക്തിയെക്കുറിച്ചും അന്വേഷണ ഉണ്ടാകും. ജുനൈസിന്‍റെ അറസ്റ്റിനായി മണ്ണാര്‍ക്കാട് അടക്കം പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ അന്വേഷണ പുരോഗതി അനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്ന് കളമശ്ശേരി പൊലീസ് വ്യക്തമാക്കി. പ്രതിയ്ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഡിഎമ്മും നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറി. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസന്‍സ് വാങ്ങാതെയാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് മറുപടി നല്‍കിയിട്ടുള്ളത്. കെല്‍സയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ ഹൈക്കോടതി സംഭവത്തില്‍ തുടര്‍ന്നടപടികളിലേക്ക് കടക്കും.