അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്

single-img
9 October 2023

അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസി). റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ നിന്ന് നാല് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചത്.

അതേസമയം, പാപ്പരായ റിലയൻസ് ക്യാപിറ്റലിന് ദിവസംതോറും പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി റിലയൻസ് ക്യാപിറ്റലിന് ലാഭമുണ്ടാക്കുന്ന സബ്‌സിഡിയറി കൂടിയാണ്. മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് കീഴിൽ പാപ്പരത്ത നടപടികൾ നേരിടുകയാണ്.

ഇതിനോടകം നാല് നോട്ടീസുകളിൽ ഒന്ന്, 478.84 കോടി രൂപയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടതാണ്. വിവിധ ഇന്ത്യൻ, വിദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള റീ-ഇൻഷുറൻസ് സേവനങ്ങൾ വഴി ബുക്ക് ചെയ്യുന്ന റീ-ഇൻഷുറൻസ് കമ്മീഷനിന്റെ നികുതിയാണിത്. രണ്ടാമത്തെത് 359.70 കോടി രൂപയ്ക്കുള്ള നോട്ടീസാണ്. മൂന്നാമത്തെ ഡിജിജിഐ നോട്ടീസ് 78.66 കോടി രൂപയുമായി ബന്ധപ്പെട്ടതാണ്.

നാലാമത്തെ നോട്ടീസ് 5.38 കോടി രൂപയുടെതാണ്. വിദേശ റീഇൻഷുറർമാരിൽ നിന്നുള്ള റീഇൻഷൂറൻസ് സേവനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ബാധകമായ റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ നികുതി അടയ്ക്കാത്ത കേസുമായി ബന്ധപ്പെട്ടതാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അനില്‍ അംബാനിയുടെ സഹോദരനായ മുകേഷ് അംബാനി. 56.5 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.