500 വര്‍ഷം പഴക്കമുളള നടരാജ വിഗ്രഹം ലേലം ചെയ്യാനൊരുങ്ങി; ഫ്രഞ്ച് കമ്പനിയുടെ നീക്കം തടഞ്ഞ് തമിഴ്‌നാട്


തമിഴ്‌നാട്ടിൽ നിന്നും 1972ൽ മോഷണം പോയ 500 വര്‍ഷം പഴക്കമുളള നടരാജ വിഗ്രഹത്തിന്റെ ലേലം തടഞ്ഞ് തമിഴ്‌നാട് സർക്കാർ . ഫ്രാന്‍സിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ലേലങ്ങള്‍ നടത്തുന്ന ക്രിസ്റ്റീസില്‍ ആണ് വിഗ്രഹം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ലേലം നടക്കും മുമ്പ് തന്നെ തടയാന്‍ കഴിഞ്ഞ ആദ്യത്തെ സംഭവമാണിതെന്ന് തമിഴ്നാട് ഡിജിപി പ്രതികരിച്ചു.
ഏകദേശം 1.76 കോടി രൂപ മുതല്‍ 2.64 കോടി രൂപ വിലയ്ക്കാണ് വിഗ്രഹം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇത്തരത്തിൽ ഒരു ലേലം നടക്കുന്നതായുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെ പാരീസിലെ ഇന്ത്യന്‍ എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
ഈ വിഗ്രഹം തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കയത്താറിലെ ശ്രീ കോതണ്ഡ രാമെശ്വര ക്ഷേതത്തിലെതാണ് എന്നാണ് ചരിത്ര രേഖകൾ . 1972ൽ മോഷ്ടിക്കപ്പെട്ട ഇത് പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തില്‍ നടരാജ വിഗ്രഹം വിജയനഗര കാലഘട്ടത്തിലേതാണ്.
ലേലത്തെപ്പറ്റി അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പുതുച്ചേരിയിലെ ഇന്‍ഡോ- ഫ്രഞ്ച്സ്ഥാപനത്തിലെ വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ പരിശോധിച്ചു. പിന്നാലെ മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന്റെ ചിത്രങ്ങളും സ്ഥാപനത്തിലെ രേഖകളിലുളള വിഗ്രഹത്തിന്റെ ചിത്രങ്ങളും സമാനമാണെന്ന് കണ്ടെത്തി. അങ്ങിനെയാണ് തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചതായും പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടതായും തമിഴ്‌നാട് വിഭാഗം ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു.