മലിനീകരണമുള്ള ലോകത്തെ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയില്‍


ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള ലോകത്തെ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയില്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2021ല്‍ ഈ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.
131 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ പട്ടികയില്‍ ആകെ 73000 നഗരങ്ങളാണ് ഉള്‍പ്പെടുന്നത്. ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരം പാകിസ്താനിലെ ലാഹോര്‍ ആണ്. ചൈനയിലെ ഹോട്ടാന്‍ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തായി ഡല്‍ഹിയുമുണ്ട്. ആദ്യ പത്തില്‍ ആറെണ്ണവും ഇന്ത്യയിലാണ്.
മലിനീകരണം കൂടുതലുള്ള ആദ്യ 20 നഗരങ്ങളുടെ പട്ടികയില്‍ 14 എണ്ണവും ഇന്ത്യയിലാണ്. ആദ്യ 50ല്‍ 39 നഗരങ്ങളും 100ല്‍ 65 നഗരങ്ങളും ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ആറ് മെട്രോ നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് റാങ്ക്.
വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമായ പി എം 2.5ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് പട്ടികയില്‍ റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈത്ത്, ഈജിപ്ത്, ബുര്‍കീനോ ഫാസോ, തജികിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ആദ്യ പത്തിലുള്ളത്.