216 കോടിയുടെ തട്ടിപ്പ്;കോടികളുടെ ക്രമക്കേട് നടത്തിയ ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക്

single-img
15 June 2023

തിരുവനന്തപുരം: കോടികളുടെ ക്രമക്കേട് നടത്തിയ ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക്. തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടെത്താൻ ബഡ്സ് നിയമപ്രകാരം ഉത്തരവിറങ്ങിയിട്ടും മുഖ്യപ്രതികളുടെ ബിനാമി സമ്പാദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം ഡയറക്ടർ ബോർഡ് അംഗങ്ങളിൽ മാത്രമായി ഒതുങ്ങിയെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.

216 കോടിയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘം വഴി നടന്നതെന്നാണ് ഇതേവരെയുള്ള കണ്ടെത്തൽ. കൂടുതൽ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു. തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടും. തട്ടിപ്പ് കേസിൽ ഇതേവരെ അറസ്റ്റ് ചെയ്യപ്പെട്ടത് സഹകരണ സംഘം ഭാരവാഹികളായ അ‍ഞ്ച് പേർ മാത്രമാണ്. മുഖ്യപ്രതികളായ സംഘം പ്രസിഡൻറ് ഗോപിനാഥ്, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് എന്നിവരുടെ പേരിലുള്ള സ്വത്തുകളിൽ ചിലത് കണ്ടെത്തി. നിക്ഷേപകർ മുന്നിട്ടിറങ്ങിയാണ് പല സ്വത്തുക്കളെ കുറിച്ചും വിവരം ശേഖരിച്ചത്. 250 കോടിയുടെ സ്വത്തുക്കളെ വിവരം ശേഖരിച്ചിട്ടുണ്ട്. പക്ഷെ തട്ടിപ്പ് നടത്തിയ പണം മുഖ്യപ്രതികള്‍ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലാണ് നിക്ഷേപിച്ചത്. സംഘം തകർച്ചയിലാപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റു. ഗോപിനാഥിന്‍റെ പേരുള്ള സ്വത്തുക്കള്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി. ബഡ്സ് നിയമപ്രകാരം എല്ലാ സ്വത്തുക്കളും കണ്ടെത്തണം. പക്ഷെ ബിനാമി ഇടപാടികളിലേക്കോ ഇവരുടെ അറസ്റ്റിലേക്കോ ക്രൈംബ്രാഞ്ച് നീങ്ങുന്നില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.

ബഡ്സ് നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്തി ലേലം ചെയ്തില്ലെങ്കിൽ പ്രതികള്‍ക്ക് നിയമപരമായ ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ട്. ഈ കാലതാമസം ഒഴിവാക്കണമെന്നാണ് നിക്ഷേപകരുടെയും ആവശ്യം. ഒരു സഹകരണ സംഘം തട്ടിപ്പിൽ ആദ്യമായാണ് ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടെത്തുന്നതിനായി സർക്കാർ ഉത്തരവിറക്കുന്നത്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സജാദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.