ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും ലഭിച്ചത് എട്ടുലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍

single-img
23 May 2023

ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ഹിമാചലിലെ കാന്‍ഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍ നിന്നുമാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്.

ഭണ്ടാരത്തിൽ നാനൂറ് കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്നു. 2000 രൂപ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍. ക്ഷേത്ര സമുച്ചയത്തിലെ സംഭാവനപ്പെട്ടിയില്‍ വഴിപാടായി നിക്ഷേപിച്ച നിലയിലാണ് 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയത്.

ധാരാളം ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും പലപ്പോഴും ഈ രീതിയിൽ വഴിപാടുകള്‍ നടത്താറുണ്ടെന്നും ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ക്ഷേത്രത്തിലെ ഭക്തരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനലഭിച്ച തുക ചെലവഴിക്കുക.