തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു

single-img
28 January 2023

അടുത്ത മാസം 16 നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ(എം) എം.എൽ.എ മൊബോഷർ അലിയും മുൻ എം.എൽ.എ സുബൽ ഭൗമിയുമാണ് ബിജെപിയിൽ ചേർന്നത്.

മുഖ്യമന്ത്രി മണിക് സാഹയുടെയും ബിജെപി വക്താവ് അനിൽ ബലൂനിയെ കൂടാതെ സംസ്ഥാനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംബിത് പത്ര, മഹേഷ് ശർമ്മ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്

നേരത്തെ കോൺഗ്രസ് നേതാവ് ബില്ലാൽ മിയയും ബിജെപിയിൽ ചേർന്നിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇവർക്ക് ബിജെപി സീറ്റ് നൽകുമെന്ന് ബിജെപി നേതാവ് വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു.

ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനിച്ചതിനു പിന്നാലെയാണ് നേതാക്കൾ ബിജെപിയിൽ ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കാനും ധാരണയിലെത്തിയിരുന്നു. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും ജനവിധി തേടും.

ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.