19 പുതിയ ജില്ലകളും 3 ഡിവിഷനുകളും രൂപീകരിക്കും; അംഗീകാരം നൽകി രാജസ്ഥാൻ മന്ത്രിസഭ

single-img
4 August 2023

സംസ്ഥാനത്ത് 19 പുതിയ ജില്ലകളും മൂന്ന് പുതിയ ഡിവിഷനുകളും രൂപീകരിക്കാനുള്ള ഉന്നതതല സമിതിയുടെ നിർദ്ദേശത്തിന് രാജസ്ഥാൻ മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. രാജസ്ഥാനിൽ അപ്പോൾ ആകെ 50 ജില്ലകളുണ്ടാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) അപർണ അറോറ പറഞ്ഞു,

അതേസമയം, മാർച്ചിൽ 19 പുതിയ ജില്ലകളും മൂന്ന് ഡിവിഷനുകളും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പുതിയ ജില്ലകളുടെ രൂപീകരണം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നതാണ്.

പുതിയ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ഓഗസ്റ്റ് ഏഴിന് ഔപചാരികമായ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ ജില്ലകളുടെ രൂപീകരണം ഭരണം മെച്ചപ്പെടുത്തുമെന്നും ജില്ലാ ആസ്ഥാനത്തേക്ക് പോകാൻ ദീർഘദൂരം താണ്ടേണ്ട ആളുകൾക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതല സമിതിയുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും അതിനാൽ ആളുകൾക്ക് അവരുടെ നിർദ്ദേശങ്ങൾ അയയ്‌ക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.