ടോക്യോയില്‍ ഇനി ഒളിമ്പിക്സ് ദിനരാത്രങ്ങള്‍; ഇന്ത്യൻ പതാകാ വാഹകരായി മൻപ്രീതും മേരി കോമും

single-img
23 July 2021

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം ജപ്പാനിലെ ടോക്യോയില്‍ കായിക മാമാങ്കമായ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഇന്ന് വൈകിട്ട് തന്നെ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഇന്ത്യയ്ക്കായി ബോക്സിം​ഗ് താരം മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മാർച്ച് പാസ്റ്റിന് ശേഷമാണ് ഉദ്ഘാടനചടങ്ങ് നടക്കുക .ഇതില്‍ ലേസർ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തം എന്നീ കലാരൂപങ്ങൾ ഉണ്ടാകും.

അടുത്തമാസം എട്ടിനാണ് ഒളിമ്പിക്സ് സമാപിക്കുക.പങ്കെടുക്കുന്ന എല്ലാ മേഖലയിലും ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിന് പങ്കെടുക്കുന്നത്. ഇവരില്‍ 119 പേർ അത്‌ലറ്റുകളാണ്. ഇക്കുറി 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. ആകെ 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.