പതഞ്ജലിയുടെ നെയ്യിൽ മായം കലർന്നതായി കണ്ടെത്തി; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

single-img
21 August 2022

യോഗാ ഗുരു രാംദേവിന്റെ കീഴിൽ ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി കമ്പനിയുടെ നെയ്യ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടു. പതഞ്ജലി വിപണനം ചെയ്ത നെയ്യിന്റെ സാമ്പിളിൽ മായം കലർന്നതായി കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

കമ്പനിയുടെ ‘പശുവിന് നെയ്യ്’ എന്ന സാമ്പിൾ ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയിൽ നിന്ന് എടുത്ത് സംസ്ഥാന ലബോറട്ടറിയിലേക്ക് ആദ്യം അയച്ചു. ഈ സാമ്പിളിന്റെ പരിശോധനാ റിപ്പോർട്ട് പ്രകാരം പതഞ്ജലി നെയ്യിൽ മായം കലർന്നതായും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും കണ്ടെത്തി.


പതഞ്ജലിയുടെ നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് 2021ൽ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്‌സ് വകുപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും സാമ്പിളിന്റെ പരിശോധനാ റിപ്പോർട്ട് സ്വീകരിക്കാൻ രാംദേവിന്റെ കമ്പനി വിസമ്മതിക്കുകയും അത് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ റെഗുലേറ്റർ നെയ്യുടെ സാമ്പിൾ സെൻട്രൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു, ഫലം സമാനമാണ്.

ഇപ്പോൾ കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പതഞ്ജലി ബ്രാൻഡിന്റെ നെയ്യ് പരാജയപ്പെട്ടതിനാൽ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ തെഹ്‌രി ജില്ലയിലെ എസ്‌ഡിഎം കോടതിയിൽ കേസ് ഫയൽ ചെയ്യും. ലബോറട്ടറി റിപ്പോർട്ട് പ്രകാരം പതഞ്ജലി നെയ്യിൽ മായം ചേർക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയുക്ത ഓഫീസർ എംഎൻ ജോഷി പറഞ്ഞു.ഇതോടൊപ്പം, അരിയിൽ വൻതോതിൽ കീടനാശിനി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.