‘ന്യായം നോക്കിയേ ഇടപെടൂ’; സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജിആർ അനിലിനോട് തര്‍ക്കിച്ച സിഐയെ സ്ഥലം മാറ്റി

single-img
23 August 2022

സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ സ്ഥലംമാറ്റി .മന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജി ആര്‍ അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒയായ ഗിരിലാലിനെ വിളിക്കുന്നത്. തന്റെ രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നു എന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടിവേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

വിഷയത്തിൽ ന്യായം നോക്കി ഇടപെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയുമായി തർക്കത്തിന് ഇടയാക്കിയത് .ഇതിനെ തുടർന്ന് ‘ സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ’ വെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടാൽ ഉടൻതന്നെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. അപ്പോൾ അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരന്‍ പറഞ്ഞത്.

നിലവിൽ സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി.അതേസമയം, ഇന്നലെ ലഭിച്ച പരാതിയില്‍ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ്ജു വനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം രണ്ടാനച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.