വള്ളംകളിക്ക് അമിത്ഷായെ മാത്രമല്ല, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്; വിശദീകരണവുമായി സർക്കാർ

single-img
27 August 2022

നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനം വിവാദമായതോടെ വിശദീകരവുമായി സംസ്ഥാന സർക്കാർ. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സർക്കാർ അറിയിച്ചു.

ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സതേൺ സോണൽ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും വള്ളംകളിക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടു ഉണ്ട് എന്നും, മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം എന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.