മദ്യം ഉദ്പാദിപ്പിക്കുന്നത് അവസാനിപ്പിച്ച് സാനിറ്റൈസറുകളുടെ നിര്‍മ്മാണവുമായി ഷെയ്ന്‍ വോണിന്റെ കമ്പനി

single-img
20 March 2020

ലോകമെങ്ങുംകൊറോണയ്ക്ക് എതിരെ അവലംബിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് കൂട്ടുക എന്നതാണ്. അതുകൊണ്ടുതന്നെ പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് കാര്യമായ ക്ഷാമമുണ്ട്. സാഹചര്യം മനസിലാക്കി സ്വന്തം മദ്യ നിര്‍മ്മാണശാലയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍.

ഈ മാസം 17 മുതല്‍ വോണിന്റെ ഉടമസ്ഥതയിലുള്ള ‘സെവന്‍ സീറോ എയ്റ്റ് ജിന്‍’ കമ്പനി മദ്യം ഉത്പാദിപ്പിക്കുന്നതിന് പകരം 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ മെഡിക്കല്‍ ഗ്രേഡ് ഹാന്‍ഡ് സാനിറ്റൈസറാണ് പുറത്തിറക്കുന്നത്. അവയാകട്ടെ പശ്ചിമ ഓസ്‌ട്രേലിയയിലെ ആശുപത്രികളിലേക്ക് നൽകുകയും ചെയ്യുന്നു.

‘ആസ്‌ട്രേലിയ ഇപ്പോൾ കടന്നുപോകുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയാണ് . ഈ സമയം കൊറോണയ്ക്ക് എതിരെ പോരാടുന്ന നമ്മള്‍ ആരോഗ്യമേഖലയിലേക്ക് നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ ഓരോരുത്തരും ചെയ്യണം. അങ്ങിനെ ചെയ്യേണ്ടത് നമ്മുടെ കടമയാണ്’, – ഷെയ്ന്‍ വോണ്‍ പറഞ്ഞു. ആസ്ട്രേലിയയില്‍ ഇതുവരെ 565 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേര്‍ മരിക്കുകയും ചെയ്തു.