തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കാൻ താത്പര്യമില്ല; സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുമെന്ന് യൂട്യൂബർ അജു അലക്‌സ്

ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വലിയ ചർച്ചയായിരുന്നു. അജു അലക്‌സ് തന്റെ അഭിമുഖങ്ങളിൽ സുതാര്യതയും ജനാധിപത്വവും ആണ് പ്രധാന മാനദണ്ഡങ്ങളായി മുന്നോട്ട് വയ്ക്കുന്നത്.
“സുതാര്യമായ സർക്കാർ സംവിധാനം വികസിപ്പിക്കാൻ പറ്റുന്നത്ര ശ്രമങ്ങൾ ചെയ്യണം. സുതാര്യത ഉറപ്പാക്കിയാൽ ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാനും എല്ലാ സ്ഥാപനങ്ങളും ജനങ്ങളുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കാനും സാധിക്കും. കുറ്റങ്ങളും ദോഷങ്ങളും പുറത്തുവരുമ്പോൾ പരിഹാരവും ജനങ്ങൾ തന്നെ കണ്ടെത്തും. സമൂഹം ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തിയാൽ ഏറ്റവും മികച്ച സംവിധാനം രൂപം കൊണ്ടുവരും,” എന്നാണ് അജു പറഞ്ഞത്.
“പൂർണമായ ജനാധിപത്വം സംരക്ഷിക്കപ്പെടേണ്ടത് പ്രധാനമാണ്. ഇങ്ങനെയൊരു ഐഡിയ ഉണ്ട്, പക്ഷേ ഒന്നും ചെയ്യാതെയിരിക്കുകയാണെങ്കിൽ അത് അനീതിയാണ്. ഞാൻ സിസ്റ്റത്തിന് എതിരായി പോരാടുന്നില്ല; നല്ലൊരു സംവിധാനം വരാൻ വേണ്ടിയുള്ള ശ്രമമാണ്,” അജു വ്യക്തമാക്കി.
അതേസമയം പ്രചാരണത്തിനായി അജു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്. റോഡിലൂടെ ജീപ്പ് യാത്രകൾ വളരെക്കുറച്ച് മാത്രമേ ഉണ്ടാകൂ. “എല്ലാ ദിവസവും എട്ടുമണിതൊട്ട് ഉറങ്ങുന്നതുവരെ ലൈവായിരിക്കും. തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കാനുളള താത്പര്യമില്ല. സോഷ്യൽ മീഡിയ ഇല്ലാത്തവർക്ക് മാത്രമാണ് പ്രചാരണം ചെയ്യേണ്ടത്,” എന്നും അജു അലക്‌സ് വ്യക്തമാക്കി.


