പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

single-img
21 November 2022

കൊച്ചി; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍.

വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസ് (45) ആണ് അറസ്റ്റിലായത്. കളമശേരിയില്‍ കുസാറ്റ് ജംക്‌ഷനു സമീപം പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണു ജീന. ഇവരെ റിമാന്‍ഡ് ചെയ്തു.

തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫിന്റെ പരാതിയിലാണ് നടപടി. കണ്‍സല്‍റ്റന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ഡേവിഡില്‍നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍നിന്നു ഓരോ ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

പണം കൈപ്പറ്റിയ ശേഷം, പോളണ്ടില്‍ പോകാന്‍ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാന്‍ താല്‍പര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു. ഡേവിഡ് ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങള്‍ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോര്‍ട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ല. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു ബിസിനസ് വീസയായിരുന്നു നല്‍കിയത്. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും പറ്റിക്കാനായിരുന്നു എന്നാണ് ഡേവിഡ് പറയുന്നത്.

തട്ടിപ്പില്‍ പങ്കാളികളായ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിന്‍ എന്നിവര്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു. വിദേശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.