പരസ്യമായി നഗ്നനായി തെരുവിലൂടെ നടന്ന് യുവാവ്; പോലീസ് എത്തിയപ്പോൾ പറഞ്ഞത് താൻ അന്യഗ്രഹ ജീവി ആണെന്ന്

single-img
12 March 2023

പരസ്യമായി നഗ്നനായി തെരുവിലൂടെ നടന്നതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ താൻ നഗ്നനായി നടന്നതിന് ഇയാൾ പറഞ്ഞ കാര്യമാണ് ഏവരെയും അമ്പരപ്പിച്ചത്. താൻ ഒരു അന്യഗ്രഹവാസിയാണെന്ന് ആണ് ഇയാൾ വിശദീകരണം നൽകിയത്.

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം . ഈ മാസം എട്ടിന് രാത്രി ഒമ്പത് മണിക്കാണ് വഴിയിലൂടെ ഒരാൾ നഗ്നനായി നടക്കുന്നുവെന്ന് പൊലീസ് സ്റ്റേഷനിൽ ഫോൺ കാൾ വന്നത്. പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഒരാൾ വസ്‌ത്രങ്ങളൊന്നും ധരിക്കാതെ പൊതുജനങ്ങൾക്ക് മുന്നിലൂടെ നടന്നു പോകുന്നതാണ് കണ്ടത്.

തുടർന്ന് ആദ്യം പാം ബീച്ച് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇയാളെ കൊണ്ടുപോയി. ആദ്യഘട്ടത്തിൽ അയാൾ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും നൽകാൻ തയ്യാറായിരുന്നില്ല. താൻ മറ്റാെരു ഗ്രഹത്തിൽ നിന്ന് വന്നതാണെന്നും തനിക്ക് തിരിച്ചറിയാൽ കാർഡില്ലെന്നും ആണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പിന്നീട് ഏറെ നേരം ചോദ്യം ചെയ്ത ശേഷം ഇയാൾ യഥാർത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. പ്രതി 44 വയസുള്ള ജേസൺ സ്‌മിത്ത് എന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്.