ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍

single-img
22 May 2023

ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍.

പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റ് വളയാനാണ് തീരുമാനം.വനിതാ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങള്‍ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താന്‍ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടത്. ബ്രിജ് ഭൂഷണ്‍ നുണ പരിശോധനയ്ക്ക് തയ്യാറായതിനെ സ്വാഗതം ചെയ്ത താരങ്ങള്‍ പരിശോധന പൂര്‍ണമായി തത്സമയം സംപ്രേഷണം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെക്കുന്നു. സമരം തുടങ്ങി ഒരു മാസം തികഞ്ഞിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് താരങ്ങള്‍. ശനിയാഴ്ച അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഞായറാഴ്ച അടുത്ത ഖാപ് പഞ്ചായത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നില്‍ വെച്ച്‌ നടത്തും. ഗുസ്തി താരങ്ങളും അവരെ പിന്തുണയ്ക്കുന്ന വനിതകളും ചേര്‍ന്നാകും ഖാപ് പഞ്ചായത്ത് നടത്തുക. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ റോത്തഗില്‍ നടന്ന ഖാപ്പ് മഹാ പഞ്ചായത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നാളെ ജന്തര്‍മന്തറില്‍ നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി പ്രതിഷേധ മാര്‍ച്ച്‌ നടത്താനും ഖാപ് പഞ്ചായത്തില്‍ തീരുമാനമായി. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരിക്കും.പിന്തുണയുമായെത്തുന്നവര്‍ ഇത് ലംഘിച്ചാല്‍ ഉത്തരവാദികളല്ലെന്നും താരങ്ങള്‍ ആവര്‍ത്തിച്ചു. ഒരു മാസമായി ഗുസ്തി താരങ്ങള്‍ തെരുവില്‍ ഇരിക്കുമ്ബോഴും, സമൂഹ മാധ്യമങ്ങളില്‍ പലരും ബ്രിജ്ഭൂഷണ് വീര പരിവേഷം നല്‍കുന്നു. ഇത് തെറ്റാണെന്നും സമരക്കാര്‍ വ്യക്തമാക്കി.