വന്യജീവി സംഘർഷം; ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ കൈമലർത്തുന്നത് ആശങ്കാജനകം: പിണറായി വിജയൻ

single-img
6 June 2026

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ട് വർഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ കൈമലർത്തുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം ആരോപിച്ചു.

സമീപ ദിവസങ്ങളിലായി സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ നിരവധി ജീവനുകളും സ്വത്തുക്കളും നഷ്ടമായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ നിലപാട് മാറ്റുന്നതോടെ പ്രശ്നബാധിത മേഖലകളിലെ ജനങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി മുൻ എൽഡിഎഫ് സർക്കാർ സമഗ്ര കർമപദ്ധതികൾ നടപ്പാക്കിയിരുന്നുവെന്ന് പിണറായി വിജയൻ അവകാശപ്പെട്ടു. ആ പദ്ധതികൾ പുനരാവിഷ്കരിക്കുന്നതല്ലാതെ പുതിയതോ നൂതനമോ ആയ പരിഹാരങ്ങൾ നിലവിലെ സർക്കാർ മുന്നോട്ടുവയ്ക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന തടസ്സമായി നിലകൊള്ളുന്നത് 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ പൂർണ അധികാരത്തിലായിരുന്ന വിഷയം കോൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതും അന്നത്തെ നിയമനിർമാണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.നിയമത്തിലെ നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും, നിയമം കൊണ്ടുവന്ന കോൺഗ്രസും കാലാനുസൃത ഭേദഗതികൾ വരുത്താത്ത ബിജെപിയും ഒരുപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ വന്യജീവി സംരക്ഷണ ഭേദഗതി ബിലും വനം ഭേദഗതി ബിലും പാസാക്കിയിരുന്നുവെന്നും, എന്നാൽ ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതായും പിണറായി വിജയൻ പറഞ്ഞു.