മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ രാജീവ് സാത്തവയുടെ ഭാര്യ ബിജെപിയിൽ

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ താമര’ സജീവമാക്കി ബിജെപി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ഭാര്യ ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ടത്തിൽ ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും ഓപ്പറേഷൻ താമര ശക്തമായി മുന്നേറുകയാണ്.
ഈ നീക്കത്തിന്റെ പിന്നിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉണ്ടെങ്കിലും, മുന്നിൽ നിന്ന് നേതൃത്വം നൽകുന്നത് സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദ്ര ചൗഹാൻ ആണ്. കോൺഗ്രസിനെ അപ്രതീക്ഷിതമായി ഞെട്ടിച്ചുകൊണ്ട്, രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്ന അന്തരിച്ച നേതാവ് രാജീവ് സാത്തവയുടെ ഭാര്യ പ്രജ്ഞ സാത്തവയെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചതാണ് ഓപ്പറേഷൻ താമരയുടെ ആദ്യ വലിയ നീക്കമായി വിലയിരുത്തപ്പെടുന്നത്.
ഈ തവണ ഓപ്പറേഷൻ താമരയുടെ ലക്ഷ്യം പ്രതിപക്ഷ നേതാക്കൾക്ക് മാത്രം ഒതുങ്ങുന്നതല്ല. എൻഡിഎ സഖ്യത്തിനുള്ളിലെ ശിവസേന (ഷിൻഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം) എന്നീ കൂട്ടുകക്ഷികളെയും ബിജെപി ലക്ഷ്യമിടുന്നതായാണ് സൂചന. ഇതോടെ മഹായുതി സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണെന്ന വിലയിരുത്തലുകളും ശക്തമാകുന്നു.
ബിജെപിയുടെ ഈ നീക്കത്തിനെതിരെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രൂക്ഷമായ പ്രതികരണമാണ് നടത്തിയിരുന്നത്. എന്തു വില കൊടുത്തും ബിഎംസി ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


