ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന് ആരോപണം; പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ഭാര്യ

single-img
24 August 2026

ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിന് പിന്നാലെ വീടിന്റെ മുകളിൽ നിന്ന് ചാടിയ യുവതി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പെഹോവ റോഡിലെ രാജ് പാലിസിന് സമീപമുള്ള വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്.

ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രാജേഷ് (40) ആണ് കൊല്ലപ്പെട്ടത്. പെഹോവ റോഡിലെ വാട്ടർ ട്രേഡിങ് കമ്പനിയിൽ വാട്ടർ സപ്ലയറായി ജോലി ചെയ്തിരുന്ന രാജേഷ് ഒരു വർഷത്തോളമായി ഭാര്യ വിമലയോടൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നത് കേട്ടാണ് വീട്ടുടമയായ റിങ്കു സ്ഥലത്തെത്തിയത്. വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ രാജേഷിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ വയറിന് സമീപം വിമല കട്ടർ ഉപയോഗിച്ച് മുറിവേൽപ്പിക്കുന്നതായി കണ്ടതായാണ് റിങ്കുവിന്റെ മൊഴി.

റിങ്കുവിനെ കണ്ടതോടെ വിമല വീടിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിമലയെ കസ്റ്റഡിയിലെടുത്തു. പരിക്കുകൾക്ക് നിലവിൽ ചികിത്സയിലാണ് ഇവർ.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം രാജേഷിന്റെ വയറിന്റെ ഭാഗത്ത് ഏകദേശം 35 സെന്റീമീറ്റർ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും കുടൽ പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കരളിന്റെയും വലത് വൃക്കയുടെയും പ്രധാന ഭാഗങ്ങൾ കാണാതായതായും പരിശോധനയിൽ വ്യക്തമായി.

സംഭവസ്ഥലത്തുനിന്ന് വിവിധ വലുപ്പത്തിലുള്ള മൂന്ന് കട്ടറുകൾ പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.