അമൃത്പാല്‍ സിങിനായി വ്യാപക തെരച്ചില്‍; പഞ്ചാബില്‍ അതീവ ജാഗ്രത


വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത് ബൈക്കിലെന്ന് വിവരം.
അതേസമയം വീട്ടില്‍നിന്ന് പോകുന്നതിനു മുന്‍പ് പോലീസിന് അമൃത് പാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് പിതാവ് പറയുന്നു. വീട് റെയ്ഡ് ചെയ്ത പോലീസ് കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മകന്റെ ഒരു വിവരവും അറിയില്ലെന്നും അമൃത്പാല്‍ സിങിന്റെ പിതാവ് താര്‍സേം സിങ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അമൃത്പാല്‍ സിങ്ങിനായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. അമൃത്പാലുമായി അടുപ്പമുള്ള 78 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാന്‍ നിയോഗിച്ചിരിക്കുന്നത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്‍ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നു ഉച്ച വരെ പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാന്‍ ഇടയുള്ള സംഘര്‍ഷം നേരിടാന്‍ പഞ്ചാബ് പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്.