പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അസഭ്യവുമായ പദപ്രയോഗങ്ങൾ ; വിവാദത്തിലായ രുചിക സിംഗ് ആരാണ്?

single-img
1 August 2026

ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അസഭ്യവുമായ പദപ്രയോഗങ്ങൾ നടത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് രുചിക സിംഗ്. നോയിഡ സെക്ടർ 168-ൽ സ്വന്തമായി വീടുള്ള ഇവർ ഒരു സലൂണിലാണ് ജോലി ചെയ്യുന്നത്. ജൂലൈ 23-ന് ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇവർ അശ്ലീല ഭാഷ ഉപയോഗിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈ പ്രസ്താവനകൾ പ്രധാനമന്ത്രിയുടെ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്നും പൊതുസമാധാനത്തിന് ഭംഗം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും കാട്ടി ഗാസിയാബാദ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 352, 353(1), 356(1) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് ഡൽഹിയിലായതിനാൽ കേസ് ഉടൻതന്നെ ഡൽഹി പോലീസിലേക്ക് കൈമാറുമെന്നാണ് സൂചന. വിവാദത്തെ തുടർന്ന് ഒളിവിൽ പോയ രുചിക സിംഗിനായി ഡൽഹി, നോയിഡ പോലീസ് സംഘങ്ങൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടയിൽ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പോലീസിന് മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്ന് ഇനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഈ സംഭവം രാഷ്ട്രീയതലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉന്നത പദവികൾ വഹിക്കുന്നവർക്കും ഭരണാധികാരികൾക്കുമെതിരെ പൊതുസ്ഥലങ്ങളിൽ ഇത്തരം മോശം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് കടുത്ത നിയമനടപടികളിലേക്ക് നയിക്കുമെന്നതിന്റെ ഉദാഹരണമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.