കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കും: മന്ത്രി വി ശിവൻകുട്ടി

single-img
16 January 2024

സംസ്ഥാന സർക്കാർ നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുൽ ഗാന്ധിയുടെ ബസിന് എന്ത് വിശേഷണം നല്‍കുമെന്ന ചോദ്യവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറന്‍സ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നതെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ എഴുതി .