മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കുന്ന അഭിനേതാക്കൾ ഇനിയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല: സിബി മലയിൽ

single-img
17 March 2024

മോഹൻലാൽ, മമ്മൂട്ടി എന്നിവരെ നായകനാക്കി നിരവധി മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് സിബി മലയിൽ. രണ്ടുപരുടെയും അഭിനയത്തിലെ വൈവിധ്യതകളും പ്രത്യേകതകളും അടുത്തറിഞ്ഞ സംവിധായകൻ എന്ന നിലയിൽ രണ്ട് താരങ്ങളുടെയും അഭിനയ സവിശേഷതകളെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സമർപ്പണമാണ് അവരെ ഇപ്പോഴും സിനിമയിൽ മുൻനിരയിൽ നിർത്തുന്നതെന്നും മോഹൻലാലിന് അത് നാച്ചുറലായാണ് അഭിനയം വഴങ്ങുന്നതെങ്കിൽ മമ്മൂട്ടി എന്നും പുതിയത് എന്ത് ചെയ്യണമെന്ന് ചിന്തിച്ച് പ്രവർത്തിക്കുന്ന ആളാണെന്നും സിബി മലയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിബി മലയിലിന്റെ വാക്കുകൾ ഇങ്ങിനെ :

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സമർപ്പണമാണ് അവരെ ഇപ്പോഴും മുൻനിരയിൽ നിർത്തുന്നത്. അവർക്ക് വേറെയൊന്നുമില്ല, എപ്പോഴും സിനിമ തന്നെയാണ്, പ്രത്യേകിച്ച് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം. മോഹൻലാലിന് അത് നാച്ചുറലായി വരുന്നതാണ്. അദ്ദേഹം അതിനായി അത്രത്തോളം പ്രയത്നിക്കാറില്ല. എന്നാൽ മമ്മൂട്ടി എന്നും പുതിയത് എന്തെന്നും അടുത്തത് എന്ത് ചെയ്യണമെന്നും ചിന്തിക്കുന്നയാളാണ്, അദ്ദേഹം വ്യക്തമാക്കി.

നമ്മൾ മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ അദ്ദേഹത്തിന് ഇപ്പോൾ ചെയ്യുന്ന സിനിമയല്ല, അടുത്ത സിനിമയേ കുറിച്ചാണ് ചിന്ത. അടുത്തത് ഏത് കഥാപാത്രത്തെ, എങ്ങനെ അവതരിപ്പിക്കാം എന്നാണ് ചിന്തിക്കുന്നത്. പണ്ട് മുതലേ അദ്ദേഹം അങ്ങനെയാണ്. പുതിയ ആളുകളെ കണ്ടെത്തി അവതരിപ്പിക്കും. എവിടെ നിന്നാണ് ഒരു പുതിയ ആളെ കിട്ടുക എന്നദ്ദേഹം തപ്പി നടക്കുകയാണ്, സംവിധായകൻ പറഞ്ഞു.

ലാൽ അന്വേഷിച്ച് നടക്കാറില്ല, ലാലിലേക്ക് വരുന്നത് സ്വീകരിക്കുകയാണ് ചെയ്യുന്നത്. അവരുടെ കഴിവ് തന്നെയാണ് ഇരുവരെയും ദീർഘ കാലം മലയാള സിനിമയിൽ ഇങ്ങനെ നിലനിർത്തുന്നത്. ഇതുപോലെ ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കുന്ന അഭിനേതാക്കൾ ഇനിയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല, സിബി മലയിൽ കൂട്ടിച്ചേർത്തു.