മുന്നണി ജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ പ്രാപ്തരാണ്; കെ മുരളീധരന്‍ എംപി

single-img
18 May 2023

സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവര്‍ അടുത്ത ഇലക്ഷനില്‍ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്ന് കെ മുരളീധരന്‍ എംപി.

യു ഡി എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവര്‍ തിരിച്ചു വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. യു ഡി എഫ് വിപുലീകരണത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. കോഴിക്കോട് ചേര്‍ന്ന ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വലിയ താമസമില്ലാതെ വാ തുറക്കേണ്ടിവരും. മടിശീലയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. അത് കൊണ്ടാണ് വായ തുറക്കാത്തത്. കോണ്‍ഗ്രസ് ഉടന്‍ കോടതിയില്‍ പോകും. നിയമ വിദ്ഗധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. ക്യാമറ വിഷയത്തില്‍ തന്നെയായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനം. കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു തര്‍ക്കവുമില്ല, ഇതെല്ലാം പതിവുള്ളതാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഒരാഴ്ച സമയം എടുക്കുന്നത് അത്ഭുതമല്ല. യുപിയിലും ഗുജറാത്തിലും ഒക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇത്രയും സമയം എടുത്തിരുന്നുവെന്നും കേരളത്തിലെ സിപിഎമ്മിലെ ജന്മികുടിയാന്‍ ബന്ധമല്ല കോണ്‍ഗ്രസിലുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.