ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയില്‍

single-img
28 February 2023

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 22 അടിയോളം കുറഞ്ഞ ജലനിരപ്പ് ഇപ്പോള്‍ 2354.74 അടി എന്ന നിലയിലാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇപ്പോഴത്തെ ജലനിരപ്പ് സംഭരണ ശേഷിയുടെ 49.50 ശതമാനത്തോളം മാത്രമാണ്.

വൈദ്യുതി ഉത്പാദനം ഇപ്പോഴുള്ളതുപോലെ തുടര്‍ന്നാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.‌ ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടി വരും. തുലാവര്‍ഷം കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ പ്രധാന കാരണം.

ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് വേണ്ടത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഉത്പാദനം കൂടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഉത്പാദനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണ്ടി വരുമെന്ന ആശങ്കയിലാണ് കെഎസ്‌ഇബി.