വാളയാർ ആൾക്കൂട്ട കൊലപാതകം: റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും, പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ തന്നെ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
ബുധനാഴ്ച ഉച്ചയോടെയാണ് ഛത്തീസ്ഗഡിൽ നിന്നുള്ള രാം നാരായണനെ ആൾക്കൂട്ടം മർദിച്ചത്. ബംഗ്ലാദേശിയൻ ആണെന്ന ആരോപണം ഉയർത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ 15 ഓളം പേർ പങ്കെടുത്തതായാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടം പരിശോധനയിൽ ശരീരമാകെ ഗുരുതര പരുക്കുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സർജൻ അറിയിച്ചു. ആക്രമണത്തിൽ വടികൾ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും, തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ സ്ത്രീകളും പങ്കെടുത്തിട്ടുണ്ടാകാമെന്ന നിലപാടിലാണ് പൊലീസ്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഉത്തരവാദികളെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.


