വി എം സുധീരന്‍ ഏറെ നാളിന് ശേഷം കയറി വന്നയാൾ ;അദ്ദേഹത്തിന്റെ അഭിപ്രായം പ്രതികരിക്കാന്‍ മാത്രം വില കല്‍പ്പിക്കുന്നില്ല: കെ സുധാകരൻ

single-img
30 December 2023

പാർട്ടിയിലെ മുതിർന്ന നേതാവായ വി.എം സുധീരന്‍ ഏറെ നാളിന് ശേഷം കയറി വന്നയാളാണെന്നും വീട്ടില്‍ പോയി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി വിട്ടു എന്നാണ് പറഞ്ഞിരുന്നതെന്നും കെ. സുധാകരന്‍. കെപിസിസിക്കെതിരെ സുധീരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധീരന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞ ശേഷം പോയി. അദ്ദേഹത്തിന്റെ അഭിപ്രായം പ്രതികരിക്കാന്‍ മാത്രം വില കല്‍പ്പിക്കുന്നില്ല.

അതേസമയം സുധീരന്‍ പാര്‍ട്ടി വിട്ടു എന്ന് പറഞ്ഞിരുന്നുവെന്ന കടുത്ത പരാമര്‍ശം മിനിറ്റുകള്‍ക്കുള്ളില്‍ തിരുത്തുകയും ചെയ്തു സുധാകരന്‍. പാര്‍ട്ടി വിട്ടു എന്നല്ല ഇനി സഹകരിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം തിരുത്തി. ഇപ്പോൾ കേരളത്തില്‍ നിയമവും നീതിയും ജനാധിപത്യമര്യാദയും ഇല്ല. ഇന്ത്യയില്‍ എവിടെയെങ്കിലും ഇതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടോ. അക്രമം നടത്തിയ ഗണ്മാനെ മുഖ്യമന്ത്രി എന്ത് ചെയ്തു.

ചികിത്സയ്ക്ക് 15 ദിവസത്തേക്ക് മാത്രമാണ് താന്‍ പോകുന്നത്. കെപിസിസി ഭാരവാഹികള്‍ കൂട്ടായി കാര്യങ്ങള്‍ ചെയ്യും. സൂം മീറ്റിങ്ങിലൂടെ കാര്യങ്ങള്‍ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ എന്ന പേരില്‍ ജനുവരി 21ന് തുടങ്ങും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് സമരാഗ്‌നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തില്‍ നാല് പേര്‍ക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.