തൃപ്പൂണിത്തുറയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേരുടെ നില ഗുരുതരം

single-img
12 February 2024

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് സമീപം തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉ​ഗ്ര സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായി ആണ് നാട്ടുകാർ പറയുന്നത്. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അതേസമയം സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനം നടന്നതിന് 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.

അതേസമയം ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച്. വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. വലിയ അളവില്‍ പടക്കങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്‍എസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. ഉത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതില്‍ നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മൂന്ന്, നാല് കിലോമീറ്റര്‍ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.