എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം

single-img
18 May 2023

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ രണ്ട് തമിഴ്നാട് സ്വദേശികളുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഇതേക്കുറിച്ച്‌ ചോദിക്കുന്നതിനിടെയാണ് അനില്‍കുമാര്‍ ഡോക്ടര്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാള്‍ ഭിത്തിയില്‍ തലയിടിച്ചു പരിക്കേല്‍പ്പിച്ചു. വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അനില്‍കുമാറിനെതിരെ പൊലീസ് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.