പ്രിയപ്പെട്ട അധ്യാപികയെ സന്ദര്‍ശിക്കാന്‍ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് കണ്ണൂരിലെത്തും


പ്രിയപ്പെട്ട അധ്യാപികയെ സന്ദര്‍ശിക്കാന്‍ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് കണ്ണൂരിലെത്തും.
രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ പഠിപ്പിച്ച രത്ന നായരെ കാണാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. പാനൂര്‍ ചമ്ബാട് കാര്‍ഗില്‍ ബസ്‌സ്റ്റോപ്പിന് സമീപത്തെ ‘ആനന്ദം’ വീട്ടിലെത്തി അദ്ദേഹം അധ്യാപികയ്ക്കൊപ്പം സമയം ചിലവിടും.
രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ ഗണിതാധ്യാപികയായിരിക്കുമ്ബോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളില്‍ അധ്യാപികയായിരുന്നു രത്ന ടീച്ചര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഇപ്പോള്‍ പാനൂരിലെ സഹോദരന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ടീച്ചര്‍.
ജഗ്‌ദീപ് ധന്‍കര്‍ പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോള്‍ രത്ന ടീച്ചറെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്കും ടീച്ചര്‍ക്ക് ക്ഷണമുണ്ടായിരുന്നു, പക്ഷെ അനാരോഗ്യം കാരണം പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ടീച്ചറെ കാണാന്‍ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.05-ന് വ്യോമസേനാ വിമാനത്തിലാണ് ജഗ്‌ദീപ് ധന്‍കര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് പാനൂര്‍ ചമ്ബാട്ടെ രത്നാ നായരെ കാണാന്‍ റോഡ് മാര്‍ഗം അവരുടെ വീട്ടിലേക്ക് പോകും. സന്ദര്‍ശനത്തിനുശേഷം 2.25-ന് മട്ടന്നൂരിലേക്ക് മടങ്ങും. വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങും.
1300-ഓളം പൊലീസുകാരെയാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ക്കായി വിന്ന്യസിച്ചത്. വിമാനത്താവളം, മട്ടന്നൂര്‍, കൂത്തുപറമ്ബ്, പാനൂര്‍, കതിരൂര്‍, പിണറായി, മമ്ബറം ഭാഗങ്ങളില്‍ ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതി കടന്നുപോകുന്ന റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.