വിസി നിയമനങ്ങൾ : ഗവര്‍ണര്‍ – മുഖ്യമന്ത്രി സമവായത്തില്‍ സിപിഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പ്

single-img
17 December 2025

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്‌ഐയിലും എതിര്‍പ്പ്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു. ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ തന്നെ വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് എതിര്‍പ്പിന് കാരണം.

സര്‍വകലാശാലയെ പ്രതിസന്ധിയില്‍ ആക്കിയ സമരത്തിന് ശേഷമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വഴങ്ങി സിസയെ വിസി ആക്കിയത്. ജീവനക്കാരുടെ സംഘടനകള്‍ നേതാക്കളെ എതിര്‍പ്പ് അറിയിച്ചു. സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നിര്‍ണായകവും അസാധാരണവുമായ നീക്കം.

സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയും ഗവര്‍ണരും തമ്മില്‍ സംസാരിച്ച് സമവായത്തില്‍ എത്തുകയായിരുന്നു. ഡോ. സിസ ഗവര്‍ണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉള്‍പ്പെട്ട വ്യക്തികളാണ്. ചുരുക്കത്തില്‍ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കിട്ടെടുത്തു എന്ന് പറയാം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പ്പെടുയൊയിരുന്നു.

സാങ്കേതിക കാരണങ്ങള്‍ മാത്രം പറഞ്ഞ് മുന്‍ഗവര്‍ണര്‍ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്. നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്. സര്‍ക്കാര്‍-ചാന്‍സലര്‍ സമവായം സുപ്രീംകോടതി അംഗീകരിക്കുമോ എന്നും ഇന്നറിയാം.