ഐടി ആക്ടിലെ സെക്ഷൻ 66 എ എടുത്തു കളഞ്ഞിട്ടും ഇപ്പോഴും ഉപയോഗിക്കുന്നത് ഗൗരവമേറിയ വിഷയം: സുപ്രീം കോടതി

single-img
7 September 2022

2015-ൽ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടു സുപ്രീം കോടതി റദ്ദാക്കിയ ഐടി ആക്ടിലെ സെക്ഷൻ 66 എ അനുസരിച്ചു ഇപ്പോഴും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു സുപ്രീം കോടതി. സുപ്രീം കോടതി വിധിക്കു ശേഷവും പല കേസുകളിലും 66 എ നിലനിൽക്കുന്നുണ്ടെന്ന് എൻജിഒ ആയ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

സുപ്രീം കോടതിയുടെ ആധികാരികമായ വിധിന്യായം ഉണ്ടായിട്ടും, ഐടി ആക്ടിലെ സെക്ഷൻ 66 എ പ്രകാരമുള്ള കേസുകൾ, ഇപ്പോഴും രജിസ്റ്റർ ചെയ്യപ്പെടുകയും തുടരുകയും ചെയ്യുന്നു എന്നത് ഗൗരവതരമായ കാര്യമാണ്,” ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൂടാതെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസൈനോട് കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെടാനും പരിഹാര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കാനും ആവശ്യപ്പെട്ടു.

2015 മാർച്ച് 24-നാണ്, ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 എ പൂർണ്ണമായി റദ്ദാക്കുകയും അത് ആർട്ടിക്കിൾ 19(1)(എ) യുടെ ലംഘനമാണെന്ന് വിധിക്കുകയും ചെയ്തത്.