യൂറോപ്പിലേക്ക് റഷ്യൻ വാതകവിതരണം പുനരാരംഭിക്കാൻ അമേരിക്കൻ നീക്കം

single-img
2 November 2026

റഷ്യയിൽനിന്നുള്ള പ്രകൃതിവാതക വിതരണം യുക്രെയ്‌നിലൂടെയുള്ള പൈപ്പ്‌ലൈനുകൾ വഴി യൂറോപ്പിലേക്ക് പുനരാരംഭിക്കാനുള്ള പദ്ധതിക്ക് അമേരിക്ക പിന്തുണ നൽകുന്നതായി റിപ്പോർട്ട്. ശൈത്യകാലത്തെ ഊർജ്ജപ്രതിസന്ധി ലഘൂകരിക്കുന്നതിനും റഷ്യയെ സമാധാനചർച്ചകളിലേക്ക് അടുപ്പിക്കുന്നതിനുമാണ് നീക്കമെന്നാണ് സൂചന.

ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം, അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും സെപ്റ്റംബറിലെ റഷ്യ, യുക്രെയ്ൻ സന്ദർശനങ്ങൾക്കിടെ പദ്ധതി ചർച്ച ചെയ്തിരുന്നു. അമേരിക്കൻ ഇടനിലക്കാരൻ വഴി റഷ്യൻ വാതകം യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുകയും വരുമാനം മൂന്നാം രാജ്യത്തെ പ്രത്യേക എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. ഇതിലൂടെ റഷ്യയ്ക്ക് യുദ്ധത്തിനായി പണം നേരിട്ട് ഉപയോഗിക്കുന്നത് തടയാനാകുമെന്നാണ് വിലയിരുത്തൽ.

പദ്ധതി നടപ്പായാൽ യുക്രെയ്‌നിലൂടെയും സ്ലൊവാക്യ വഴിയും ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് വാതകം എത്തിക്കാനാകും. വാതക ട്രാൻസിറ്റ് ഫീസിലൂടെ യുക്രെയ്‌നും സാമ്പത്തിക നേട്ടമുണ്ടാകാം. എന്നാൽ റഷ്യൻ ഊർജ്ജത്തെ വീണ്ടും ആശ്രയിക്കുന്നത് യൂറോപ്പിന്റെ ദീർഘകാല ഊർജ്ജസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും പദ്ധതിക്ക് മുന്നിൽ രാഷ്ട്രീയ വെല്ലുവിളിയായി തുടരുന്നു.