ഏകാധിപത്യ പാർട്ടിയുടെ തനി സ്വഭാവം; എം വി ​ഗോവന്ദൻ മാസ്റ്ററെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതിനെ പരിഹസിച്ച് മുല്ലപ്പളളി

single-img
30 August 2022

എം വി ​ഗോവന്ദൻ മാസ്റ്ററെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടിക്കെതിരെ പരിഹാസവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പളളി രാമചന്ദ്രൻ. ഒരു ഏകാധിപത്യ പാർട്ടിയുടെ തനി സ്വഭാവമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് മുല്ലപ്പളളി പയ്യോളിയിൽ കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന പി കെ ​ഗം​ഗാധരന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

‘എല്ലാറ്റിലും സർവജ്ഞനായ പിണറായി വിജയൻ പേര് നിർദേശിച്ചു. പിന്നെ മറ്റുള്ളവർ തലകുലുക്കി. അതോടെ കോടിയേരി മാറി എം വി ഗോവിന്ദൻ സെക്രട്ടറിയുമായി. ഈ കൂട്ടരാണ് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കുന്നത്.’- മുല്ലപ്പളളി പരിഹസിച്ചു.

അതേപോലെ തന്നെ, ആറന്മുള വളളംകളി മത്സരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ യാദൃശ്ചികമായല്ല ക്ഷണിച്ചത്. രണ്ടുപേർക്കുമിടയിലെ അന്തർധാരയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുല്ലപ്പളളി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്ത് കോർപ്പറേറ്റുകളും മൂലധന ശക്തികളും കൊളളയടിക്കുകയാണ്. ദേശീയ മാധ്യമമായ എൻഡിടിവിയുടെ ഓഹരി അദാനി വാങ്ങുന്നതിലൂടെ നിർഭയവും സ്വതന്ത്രവുമായ പത്ര പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കാണ് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.