ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾക്ക് തിരിച്ചടി നൽകി യുഡിഎഫിന്റെ വൻ മുന്നേറ്റം

single-img
4 May 2026

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുഡിഎഫിന്റെ വൻ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 97 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പിന്നിലായതാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും വലിയ സവിശേഷത.

പിണറായി വിജയൻ തന്റെ ഉറച്ച കോട്ടയായ ധർമ്മടത്ത് 2,500 വോട്ടുകൾക്ക് പിന്നിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദാണ് ഇവിടെ അപ്രതീക്ഷിത ലീഡ് നേടിയത്. എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ തന്നെ മുഖ്യമന്ത്രി പിന്നിലായത് ഇടത് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 7,500 വോട്ടുകളുടെ വൻ ഭൂരിപക്ഷവുമായി ബഹുദൂരം മുന്നിലാണ്. പറവൂരിൽ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പോരാട്ടത്തിലൂടെ ലീഡ് തിരിച്ചുപിടിച്ചു. പിണറായിവിജയന് പുറമെ 14 മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായിരിക്കുന്നത്. പി. രാജീവ് (കളമശേരി), വി.എൻ. വാസവൻ (ഏറ്റുമാനൂർ), റോഷി അഗസ്റ്റിൻ (ഇടുക്കി), വി. ശിവൻകുട്ടി (നേമം), വീണ ജോർജ് (ആറന്മുള), ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം), പി. പ്രസാദ് (ചേർത്തല). പേരാമ്പ്ര എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെതിരെ ഫാത്തിമ തഹിലിയ ലീഡ് ചെയ്യുന്നു. വട്ടിയൂർക്കാവ് കെ. മുരളീധരൻ ലീഡ് നിലനിർത്തുന്നു. ചവറ ഷിബു ബേബി ജോൺ മുന്നേറ്റം തുടരുന്നു.