പത്രസമ്മേളനവുമായി രാജിവെച്ച യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ

single-img
6 April 2024

കേരള കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പൻ രാജി പ്രഖ്യാപനം നടത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ട്. സ്വന്തം പാർട്ടിയുടെ നേതാവ് മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും ഇനി കുടുംബത്തോട് കൂടി ആലോചിച്ച് മാത്രമേ രാഷ്ട്രീയത്തിൽ നിലപാട് സ്വീകരിക്കുവെന്നുമാണ് സജി പറഞ്ഞത്. 

സ്വന്തം പണം ഉപയോ​ഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചരിത്രം എണ്ണിപറഞ്ഞ സജി മഞ്ഞക്കടമ്പൻ ഈ തിരഞ്ഞെടുപ്പിലും ഫ്രാൻസിസ് ജോർജിന് വേണ്ടി തന്റെ നാട്ടിൽ താൻ തന്നെയാണ് സ്വന്തം ചിലവിൽ പോസ്റ്റർ പതിപ്പിച്ചതെന്നും പറഞ്ഞു. എന്നിട്ടും മിനിമം മര്യാദ പോലും ഫ്രാൻസിസ് ജോർജ് തന്നോട് കാണിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ് ജില്ല പ്രസിഡന്റും മുന്നണി ചെയർമാനുമായ തന്നോട് ഒന്ന് ഫോണിൽ പറയാനുള്ള മര്യാദ പോലും അദേ​ഹം കാണിച്ചില്ല. ഞാൻ സീറ്റ് ചോദിച്ചു എന്നതാണ് തെറ്റ്.

 മോൻസ് ജോസഫ് ഫോണിൽ വിളിച്ചും ആളെ വിട്ടും ചീത്ത വിളിച്ചു, ഭീഷണിപ്പെടുത്തി. പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് മോൻസിന്റെ ശൈലി കാരണമാണ്. താനിനി കേരള കോൺ​ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇല്ല. രാജി പ്രഖ്യാപനം മാധ്യമങ്ങൾക്ക് മുമ്പിലായതിനാൽ രാജി എഴുതി എത്തിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.