ഉദയനിധി സ്റ്റാലിന്‍ ഹിന്ദുക്കളോടുളള വിദ്വേഷത്തിന് പേരുകേട്ടയാളാണ്: ഗൗരവ് ഭാട്ടിയ

single-img
23 November 2025

സംസ്‌കൃതം മരിച്ച ഭാഷയാണെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഉദയനിധി സ്റ്റാലിന്‍ ഹിന്ദു വിരുദ്ധതയ്ക്കും ഹിന്ദു വിദ്വേഷത്തിനും പേരുകേട്ടവനാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും ഉദയനിധി വീണ്ടും അപമാനിക്കുകയാണെന്നും വിലകുറഞ്ഞതും വെറുപ്പുളവാക്കുന്നതുമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

‘ഉദയനിധി സ്റ്റാലിന്‍ ഹിന്ദുക്കളോടുളള വിദ്വേഷത്തിന് പേരുകേട്ടയാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പോസിറ്റീവ് രാഷ്ട്രീയത്തിലൂടെ വികസനവും സമഗ്രതയും ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ അരാജകത്വത്തിന്റെയും ഭിന്നിപ്പിന്റെയും പര്യായമായി മാറുകയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ അദ്ദേഹം ആവര്‍ത്തിച്ച് വെറുപ്പുളവാക്കുന്ന തമാശകള്‍ പറയുകയാണ്. നമ്മുടെ സംസ്‌കാരത്തിന്റെയും മതഗ്രന്ഥങ്ങളുടെയും ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം സംസ്‌കൃതമാണെന്ന് ഉദയനിധി സ്റ്റാലിന്‍ മറക്കുന്നു’: ഗൗരവ് ഭാട്ടിയ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ നയങ്ങളെയും ഫണ്ടിംഗ് മുന്‍ഗണനകളെയും വിമര്‍ശിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ സംസ്‌കൃതത്തെ ‘മരിച്ച ഭാഷ’ എന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴിനോടുളള പ്രതിബദ്ധതയെയും അദ്ദേഹം ചോദ്യംചെയ്തു. ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു ഉദയനിധിയുടെ പ്രസ്താവന.