ദീപാവലി ആഘോഷിക്കാൻ എത്തിയ രണ്ടു യുവാക്കൾ ധർമടം ബീച്ചിൽ മുങ്ങി മരിച്ചു

single-img
26 October 2022

ധര്‍മടം : കണ്ണൂര്‍ ജില്ലിയിലെ ധര്‍മടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചില്‍ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി.

ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കളാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂര്‍ എസ്.എഫ്. നഗര്‍ സ്വദേശികളായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദീപാവലി ആഘോഷിക്കാനായി എത്തിയ ഏഴംഗ സംഘത്തിലെ രണ്ടുപേരാണ് കടലില്‍ മുങ്ങിമരിച്ചത്.

ഗൂഢല്ലൂരില്‍നിന്നും ഏഴുപേരടങ്ങുന്ന സംഘം ദീപാവലി ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത്‌ താമസിച്ച സുഹൃത്തുക്കള്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്‌ കാണാന്‍ പോകുന്ന വഴിയാണ് ധര്‍മടത്തെത്തിയത്. കൂട്ടുകാര്‍ ബീച്ചില്‍ മറ്റൊരിടത്തേക്ക് നടന്ന് പോയ സമയത്ത് അഖിലും സുനീഷും കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകട സംഭവിച്ചത്. ഇരുവരും കടലില്‍ അകപ്പെട്ടത് കൂട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

തീരത്ത് നടക്കാനിറങ്ങിയ കൂട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ കടലില്‍ കുളിക്കുകയായിരുന്ന അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങള്‍ തീരത്തുണ്ടായിരുന്നു. ബീച്ചിലും പരിസരത്തും തെരഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇതോടെ പരിഭ്രാന്തരായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തെരച്ചില്‍ നടത്തിയെങ്കിലും അഖിലിനെയും സുനീഷിനെയും കണ്ടെത്താനായില്ല.

ഇതോടെ പൊലീസിനെയും അഗ്നിരക്ഷാസേനയേയും നാട്ടുകാര്‍ വിവരമറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസും കോസ്റ്റല്‍ ബോട്ട്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പതോടെ ധര്‍മടം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുനിന്നും സുനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവരും ഇലക്‌ട്രിക്കല്‍ ജോലി ചെയ്യുന്നവരാണ്. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.