കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ

single-img
16 May 2023

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രാത്രിയിലാണ് സിഐക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്.

തൃശ്ശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയാണ് തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സനൂപ് സിനിമാ മേഖലയില്‍ അഭിനയിക്കുന്ന ആളാണ്. കൂടാതെ സമൂഹമാധ്യമങ്ങളില്‍, ഇന്‍സ്റ്റഗ്രാമിലടക്കം നിരവധി ഫോളേവേഴ്സ് ഉള്ള ആളാണ്. രാഹുല്‍ രാജ് വീഡിയോ എഡിറ്ററാണ്. ഇവര്‍ ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിംഗിന് ശേഷം ഇവര്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ സമീപത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തു.

പൊലീസെത്തി ചോദിച്ചപ്പോള്‍ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ ഹാജരാക്കാന്‍ വിസമ്മതിച്ചു. പിന്നീട് നോര്‍ത്ത് സിഐ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. എന്നാല്‍ ഇവരുടെ കയ്യില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഒന്നും പിടികൂടിയിട്ടില്ല. ഇവരെ കോടതിയില്‍ ഹാജരാക്കും.