കഞ്ചാവും അനുബന്ധ ഉല്‍പന്നങ്ങളുടേയും പരസ്യം അനുവദിച്ച് ട്വിറ്റര്‍

single-img
18 February 2023

കഞ്ചാവും അനുബന്ധ ഉല്‍പന്നങ്ങളുടേയും പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി ട്വിറ്റര്‍.

ബുധനാഴ്ചയാണ് ട്വിറ്റര്‍ നിര്‍ണായക പ്രഖ്യാപനം നടത്തുന്നത്. നേരത്തെ കഞ്ചാവില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബാം, ലോഷന്‍ പോലുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ക്ക് മാത്രമായിരുന്നു ട്വിറ്ററില്‍ അനുമതി നല്‍കിയിരുന്നുള്ളു. ഈ നിലപാടിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാവും.

കഞ്ചാവ് ബിസിനസുകാര്‍ക്ക് പരസ്യങ്ങള്‍ നല്‍കാന്‍ അനുമതി നല്കുന്ന സമൂഹമാധ്യമം എന്ന റെക്കോര്‍ഡും ഇതോടെ ട്വിറ്റര്‍ സ്വന്തമാക്കി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കഞ്ചാവിനോ അനുബന്ധ ഉല്‍പ്പന്നങ്ങളുടേയോ പരസ്യം ചെയ്യാനുള്ള അനുമതിയില്ല. മരിജുവാന ഫെഡറല്‍ തലത്തില്‍ നിയമ വിരുദ്ധമായതിന തുടര്‍ന്നാണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അധിക സംസ്ഥാനങ്ങളും വിനോദ കഞ്ചാവ് വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നീക്കത്തിലാണ്. കഞ്ചാവ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാന്‍ അനുവദിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

ലൈസന്‍സുള്ള പ്രദേശങ്ങള്‍ മാത്രമേ ടാര്‍ഗെറ്റുചെയ്യാവുവെന്നും 21 വയസ്സിന് താഴെയുള്ളവരെ ടാര്‍ഗെറ്റ് ചെയ്യരുതെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. നീക്കം നിയമപരമായി കഞ്ചാവ് വില്‍ക്കുന്നവര്‍ക്ക് വലിയ വിജയമാണെന്നാണ് ലൈസന്‍സോടെ കഞ്ചാവ് വില്‍പന നടത്തുന്ന ക്രെസ്കോ ലാബ്സ് പ്രതികരിക്കുന്നു. മിക്ക മരിജുവാന ബിസിനസുകളും ട്വിറ്റര്‍ നിര്‍ദ്ദേശിച്ച മെച്ചപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇന്നലെ ഇത് സംബന്ധിച്ച്‌ ട്രൂലീവ് കഞ്ചാവ് കോര്‍പ്പ് സൈറ്റില്‍ ഒരു ക്യാമ്ബയിന്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്.

ഈ മാറ്റം മറ്റ് സമൂഹമാധ്യമ സൈറ്റുകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ കഞ്ചാവ് സ്ഥാപനമായ കുറലീഫിലെ കേറ്റ് ലിഞ്ച് പ്രതികരിക്കുന്നത്. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ കഞ്ചാവ് വില്‍പ്പന ഉയര്‍ന്നിരുന്നു. അതിനു ശേഷം നിരവധി തടസങ്ങളെ അഭിമുഖീകരിച്ച ഈ മേഖല സ്തംഭനത്തിന് സമാനമായ നിലയിലേക്ക് കടക്കുമ്ബോഴാണ് മസ്കിന്റെ പുതിയ നീക്കം.