മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം രക്ഷകനായി- യേശുവിനെപ്പോലെ താന്‍ നില്‍ക്കുന്നതായി ചിത്രീകരിച്ച വിവാദപരമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. മാര്‍പാപ്പ ലിയോ പതിനാലാമനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ചിത്രം പങ്കുവെച്ചത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രത്തില്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയില്‍ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകള്‍ക്ക് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ പതാകയും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ‘താന്‍ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്’ എന്നാണ് ചിത്രം പങ്കുവെച്ചതിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോണ്‍ ഫ്യൂച്ച് പ്രതികരിച്ചു.


