ട്രെയിനിലെ തീവയ്പ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

single-img
3 April 2023

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയ്യാറാക്കിയത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയാതായി പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത് .

നേരിയ താടിയുള്ള, തലയില്‍ തൊപ്പി വെച്ച ആളുടെ രേഖാചിത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. റെയില്‍വേ പൊലീസാണ് ചിത്രം പുറത്തു വിട്ടത്. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുമായി വളരെ സാമ്യമുണ്ടെന്ന് സാക്ഷി പറഞ്ഞു. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ട്രെയിനിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. കേസിലെ പ്രതികളെ പെട്ടെന്നു തന്നെ പിടികൂടാനാകുമെന്നും ഡിജിപി വ്യക്തമാക്കി.ഇപ്പോള്‍ വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. താന്‍ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച്‌ ഐജിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.