വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ കാട് കയറി;തിരിച്ചുള്ള വഴിയറിയാതെ ഉള്‍ക്കാട്ടില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ചു

single-img
29 March 2023

തിരുവനന്തപുരം: വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ കാട് കയറി തിരിച്ചുള്ള വഴിയറിയാതെ വനത്തില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയവരെ രക്ഷിച്ചു.

തിങ്കളാഴ്ച രാവിലെയാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്‌. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്‌(17) എന്നിവരാണ്‌ വനത്തിനുള്ളില്‍ അകപ്പെട്ടത്‌. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ രക്ഷിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഘം ബോണക്കാട്‌ റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റിലെത്തിയത്‌. വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടു. പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കില്‍ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ അറിയിച്ചു. ഇതോടെ ഇവര്‍ തിരിച്ചുപോയി. പക്ഷേ, ഇവര്‍ മറ്റൊരു വഴി വനത്തിനുള്ളിലേക്കു കയറുകയായിരുന്നുവെന്ന്‌ അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും പറഞ്ഞു.


ബസില്‍ കയറി വനത്തിനുള്ളിലേക്കു കയറിയെന്നാണ്‌ സംശയം. എന്നാല്‍, ഇതിലും ദുരൂഹതയുണ്ട്‌. സന്ധ്യയായതോടെ തിരിച്ചുപോകാന്‍ ഇവര്‍ക്ക്‌ വഴി അറിയാതെയായി. ഇതോടെ രാത്രിയില്‍ വനത്തില്‍ കഴിച്ചുകൂട്ടിയെന്നാണ്‌ ഇവര്‍ പോലീസിനോടു പറഞ്ഞത്‌. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ്‌ പൊലീസിന്‍്റെ സഹായം തേടിയത്‌. ചൊവ്വാഴ്ച വൈകീട്ട്‌ ആറുമണിയോടെ ആണ് പൊലീസിന്‍്റെ സഹായം തേടി ഇവര്‍ വിളിക്കുന്നത്. ഉടന്‍ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ രണ്ടു ടീമുകളായി തിരിഞ്ഞ്‌ തിരച്ചില്‍ ആരംഭിച്ചു.

ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട്‌ നിന്നും തിരച്ചില്‍ തുടങ്ങി. ഒടുവില്‍ വനത്തില്‍ അകപ്പെട്ട ദില്‍ഷാദ്‌ പൊലീസിന്‍്റെ ലോക്കേഷന്‍ മാപ്പ്‌ തിരച്ചില്‍ സംഘത്തിന് അയച്ചുകൊടുത്തു. തുടര്‍ന്ന്‌ അധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ ഉള്‍വനത്തില്‍നിന്നു സംഘത്തെ കണ്ടെത്തിയത്‌.

വടം ഉപയോഗിച്ച്‌ വളരെ കഷ്ടപ്പെട്ടാണ്‌ ഇവരെ തിരിച്ചിറക്കിയത്‌. തുടര്‍ന്ന്‌ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കൂടുതല്‍ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു.