യുവ ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ച് കവർച്ച; നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

single-img
5 November 2026

യുവ ഡോക്ടറെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചികിത്സിക്കാനെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നാണ് പരാതി.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ അനിയത്തിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സിക്കണമെന്നും പറഞ്ഞാണ് അതുല്യ ഡോക്ടറെ വിളിച്ചുവരുത്തിയത്. ഫ്ലാറ്റിലെത്തിയപ്പോൾ അതുല്യ ഉൾപ്പെടെ 12 പേർ അവിടെയുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു.

ഫ്ലാറ്റിലെത്തിയതിനു പിന്നാലെ പ്രതികൾ തന്നെ മർദിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തെന്നാണ് ഡോക്ടറുടെ ആരോപണം. കേസിൽ അതുല്യ ഉൾപ്പെടെ 12 പേരാണ് പ്രതികളായുള്ളത്. ഇവരിൽ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധ നേടിയത്. ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’, ‘കാട്ടാളൻ’ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.