മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട; ജയം ഉറപ്പ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും: പിസി ജോർജ്

single-img
6 February 2024

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന സൂചന നൽകി ബിജെപി നേതാവ് പി സി ജോർജ്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു.

ഇത്തവണ ഒരുപക്ഷെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് പരിഹസിച്ചു .

എന്തായാലും പി.സി. ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തന്നെയാണ് പിസി ജോർജിന്റെ കണ്ണ്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലായി ചിതറി കിടക്കുന്ന രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് പി.സി. ജോർജിന്റെ വലിയൊരു പ്രതീക്ഷ.