താജ്മഹൽ നിർമിച്ചത് ഷാജഹാൻ ആണെന്നതിന് തെളിവില്ല;താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം തേടി സുപ്രീംകോടതിയിൽ ഹർജി

single-img
1 October 2022

ന്യൂഡല്‍ഹി: താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കാന്‍ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും, താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഡോ. രജനീഷ് സിങ്ങാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ശാസ്ത്രീയ തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മെയ് 12 ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നതിന് പ്രാഥമിക സ്രോതസ്സുകളൊന്നും ലഭ്യമല്ലെന്ന് എന്‍സിഇആര്‍ടി ഒരു വിവരാവകാശ ചോദ്യത്തില്‍ മറുപടി നല്‍കിയതായി അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ സമീര്‍ ശ്രീവാസ്തവ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നു കാണിച്ച്‌ അലഹബാദ് ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാന്‍ കഴിയുന്നില്ല. താജ്മഹലിന്റെ ‘യഥാര്‍ത്ഥ ചരിത്രം’ പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിക്കാരന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ മറ്റൊരു വിവരാവകാശ നിയമപ്രകാരം നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

താജ്മഹലിലെ സീല്‍ ചെയ്ത 22 മുറികള്‍ പഠനത്തിനും പരിശോധനയ്ക്കുമായി തുറക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുഗള്‍ ആക്രമണകാരികള്‍ നിര്‍മ്മിച്ച സ്മാരകങ്ങളെ പുരാതനവും ചരിത്രപരവുമായ സ്മാരകത്തിന് കീഴില്‍ ചരിത്ര സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാന്‍ എഎസ്‌ഐയ്ക്ക് കഴിയില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.